മനുഷ്യൻ തമ്മിലടിച്ചു നശിക്കണമെന്ന് ഒരു മതഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നില്ല. അതേസമയം അന്യോന്യം സ്നേഹിക്കാനും ബഹുമാനിക്കാനും മതാചാര്യന്മാരെല്ലാം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിൽ അക്രമവും കൊലയുമൊക്കെ നിത്യേന വർദ്ധിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദി?
ജനനന്മയ്ക്കായി പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഭരണകർത്താക്കളും ജനക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നിയമപാലകരും ഇവിടെ ക്രിമിനലുകളെ സൃഷ്ടിച്ച് വളർത്തുകയാണ്. അനീതിക്കെതിരെ ശബ്ദിക്കുന്നവർ കൊലക്കത്തിക്ക് ഇരയായേയ്ക്കാം… ഏതായാലും ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ എനിക്ക് കുറിക്കാതെ വയ്യാ. സത്യം വിളിച്ചു പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് എനിക്കെതിരെ നീങ്ങാം. പക്ഷേ, എനിക്കെതിരെ മാത്രം – മറ്റാരും ഇതിന് ഉത്തരവാദിയല്ല.
ഒരു ക്രിമിനൽ കുടുംബത്തിന്റെ നിലനിൽപ്പ് ഭദ്രമാക്കാൻ ഭരണകർത്താക്കളും ‘നിയമപാലകരും’ മലയാള നാടകവേദിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.പി.കെ.വേണുക്കുട്ടൻ നായരെ ബലിയാടാക്കി. സത്യാവസ്ഥ അന്വേഷിച്ചറിയാൻ തയ്യാറാകാതെ സമൂഹം അദ്ദേഹത്തെ ക്രൂരമായി ഒറ്റപ്പെടുത്തി. നിരപരാധിത്വം തെളിയിക്കണമെന്ന വാശിയുള്ളതു കൊണ്ടു മാത്രം അദ്ദേഹം ഇന്നും ജീവിക്കുന്നു. എത്രയോ പേർ ഇത്തരം അവസ്ഥയിൽ ജീവിതം അവസാനിപ്പിച്ചിരിക്കാം?
സത്യാവസ്ഥ ലോകം അറിയണമെന്നുള്ള ആഗ്രഹം കൊണ്ടു മാത്രം, അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നുള്ള നിശ്ചയദാർഡ്യം കൊണ്ടു മാത്രം, എല്ലാം തുറന്നെഴുതട്ടെ….
No comments:
Post a Comment