ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അവർകൾക്ക്,
“ എനിക്ക് വയ്യ. തീരെ വയ്യ. ഇനി എത്രകാലമെന്ന് അറിയില്ല. ചെയ്യാത്തകുറ്റം ആരോപിച്ച് ആന്റണിസർക്കാരിന്റെ നിയമ പാലകർ എന്നെ ഇവ്വിധമാക്കി. സത്യസന്ധമായ അന്വേഷണ ത്തിനായി ഞാൻ മുട്ടാത്ത വാതിലുകളില്ല. എനിക്ക് പൈസയും സ്വാധീനവുമില്ല. അതാകാം ഇതുവരെ നീതി കിട്ടാത്തത്
സ്പിരിറ്റുകടത്തുകാരെ പോലീസിനും നാട്ടുകാർക്കും വെളിപ്പെടു ത്തിയത് അപരാധമാണോ ? അല്ലെന്നാണ് എന്റെ ഇപ്പോ ഴത്തെയും വിശ്വാസം.
മരിക്കും മുൻപ് എന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ട്. ഹൈക്കോടതിയിൽ അപ്പീലുകൊടുത്തിട്ട് ആറുവർഷമാകുന്നു. അത് എത്രയുംവേഗം എടുപ്പിച്ച് എന്റെമേൽ വീണ കളങ്കം മാറ്റാൻ താങ്കൾ ദയവുകാണിക്കണം.
എല്ലാവർക്കും നന്മയുണ്ടാകട്ടെ !
ഇത് പി.കെ.വേണുക്കുട്ടൻ നായർ അവസാനമായി ഒപ്പിട്ടയച്ച കത്താണ് – ആശുപത്രിക്കിടക്കയിൽ വച്ച്.
സെക്രട്ടേറിയേറ്റിൽനിന്നും ആയുർവേദ കോളേജ് വരെ എത്താൻ അര കിലോമീറ്റർ പോലുമുണ്ടാവില്ല. അഞ്ചുമാസത്തോളം വേണുക്കുട്ടൻ നായർ ആയുർവേദ കോളേജിൽ കിടന്നു. ഒന്നു തിരിഞ്ഞുനോക്കിയില്ല മുഖ്യമന്ത്രി. ദയനീയാവസ്ഥ പത്രത്തിൽ വന്നപ്പോൾ സാംസ്കാരിക മന്ത്രി ആശുപത്രിയിലെത്തി നേരിട്ടുമനസിലാക്കിയതാണ്. സർക്കാർ അദ്ദേഹത്തെ സഹായിക്കുമെന്നു പറഞ്ഞ മന്ത്രി അടിയന്തിര സഹായമായി സാംസ്കാരികവകുപ്പിൽ നിന്നും ഇരുപത്തി അയ്യായിരം രൂപ ആശുപത്രിയിലെത്തിച്ചു.
അസുഖം കൂടുതലായപ്പോൾ ഒരുമാസത്തോളം പി.ആർ.എസ്സ്. ആശുപത്രിയിൽ കിടന്ന വേണുക്കുട്ടൻ നായരെ ഒന്നു നോക്കാൻ പോലും മന്ത്രിമാർ ആരും തയ്യാറായില്ല.
സൂര്യകൃഷ്ണമൂർത്തി സാർ സൂര്യയുടെവകയായി വേണുക്കുട്ടൻ നായരുടെ പേരിൽ നിക്ഷേപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പലിശയും ചലച്ചിത്ര അക്കാഡമിയിൽ നിന്നുള്ള ആയിരം രൂപ പെൻഷനും വരുമാനമുള്ള എനിക്ക് പലരിൽനിന്നും ഭിക്ഷ തെണ്ടേണ്ടി വന്നു. പത്രത്തിലൂടെ സന്മനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചു. ഭരണപക്ഷക്കാരോ പ്രതിപക്ഷക്കാരോ മറ്റുസാംസ്കാ രിക നേതാക്കളോ ഫോണിലൂടെപോലും വിവരം തിരക്കിയില്ല.
മരിക്കും മുൻപ് തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന അന്ത്യാഭിലാഷം നിറവേറ്റാനാകാതെ തന്റെ സമ്പത്തും പ്രയത്നവും മുഴുവനും നാടകവേദിയുടെ വളർച്ചയ്ക്കു സമർപ്പിച്ച കേരളത്തിന്റെ നാടകാചാര്യൻ വിടചൊല്ലി. ചാനൽ വാർത്തക്കാർക്ക് അദ്ദേഹം വെറുമൊരു നാടക പ്രവർത്തക നായി. ആ മരണം പലർക്കും ആശ്വാസമായിട്ടുണ്ടാകും… സമാധാനമായിട്ടുണ്ടാകാം – പ്രത്യേകിച്ച് വേണുക്കുട്ടൻ നായരെ കള്ളക്കേസിൽ കുടുക്കി കൊല്ലാൻ ശ്രമിച്ച സ്പിരിറ്റു മാഫിയാത്തലവൻ മധുസ്വാമിക്കും അയാളുടെ കുടുമ്പാംഗ ങ്ങൾക്കും ഇപ്പോൾ കല്യാണപ്രായത്തോടടുക്കുന്ന മധുസ്വാമി യുടെ അനന്തിരവൾ കാലുകളിൽ ആറു വിരലുകൾവീതമുള്ള ശരണ്യ , ( ആ കുട്ടി സത്യസന്ധയാണെങ്കിൽ ഇനിയെങ്കിലും പറയട്ടെ അമ്മാവൻ മധുസ്വാമിയെ രക്ഷിക്കാൻ വേണുക്കുട്ടൻ നായർക്കെതിരെ കള്ളസാക്ഷി പറഞ്ഞതാണെന്ന് . ഇല്ലെങ്കിൽ ദൈവം അവൾക്ക് മാപ്പുകൊടുക്കട്ടെ! ) കള്ളക്കേസെടുത്ത് മധുസ്വാമിയെ സഹായിച്ച മുൻ മന്ത്രി കമലം, സ്പിരിറ്റുകടത്തിന് മധുസ്വാമിക്ക് കൂട്ടുനിൽക്കുകകൂടി ചെയ്തിട്ടുള്ള അന്നത്തെ എസ്സ്.ഐ. ബി.കൃഷ്ണകുമാർ, സി.ഐ. ശ്രീധരൻ, കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന വിൽസൺ. കെ.ജോസഫ്, പബ്ലിക് പ്രോസിക്യൂട്ടർ മണ്ണന്തല രാമചന്ദ്രൻ, മൂന്നാം അതിവേഗകോടതി ജഡ്ജ് എം.ആർ.അനിത ( അവരെ ഇപ്പോൾ ഡീബാർ ചെയ്തിരിക്കുന്നുവത്രേ ), ന്യൂസ് റീഡർ മായ , ഗോവിന്ദൻസ് ആശുപത്രിയിലെ ഡോ.മേരി ജോസഫ് എന്നിവർക്കും .പോലീസ് നായ്ക്കുപോലും ഔദ്യോഗിക ശവ സംസ്കാരം കൊടുക്കുന്ന സർക്കാർ ഒരു പാവം നാടകാചാര്യന് അത് നിഷേധിച്ചു. പട്ടിയുടെ വിലപോലും ഇല്ലേ പി.കെ.വേണു ക്കുട്ടൻ നായർക്ക് ?
ജനത്തെ കബളിപ്പിക്കാൻ ആ മരണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ അനുശോചിച്ചിരിക്കുന്നു.
ഇന്നത്തെ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ സർക്കാരിന്റെ ഒരു സാംസ്കാരിക സമ്മേളനത്തിൽ വേണുക്കുട്ടൻ നായരെ ആദരിക്കുന്നു എന്ന് സാംസ്കാരിക വകുപ്പിൽനിന്നും അറിയിപ്പു വന്നു. എന്നാൽ പിന്നീട് പരിപാടിക്ക് തലേന്ന് സാംസ്കാരിക വകുപ്പിൽ നിന്നുമുള്ള മറ്റൊരറിയിപ്പും കിട്ടി. മുഖ്യമന്ത്രി പങ്കെടുക്കേണ്ട ചടങ്ങായതിനാൽ വേണുക്കുട്ടൻ നായരെ പങ്കെടുപ്പിക്കാൻ നിവൃത്തിയില്ലെന്ന്. ( പതിനായിരം രൂപയുടെ ഡി.ഡി വീട്ടിൽ എത്തിച്ചു. ) അവാർഡുകൾക്കോ ആദരവുനേടാനോ വേണുക്കുട്ടൻ നായരോ അദ്ദേഹത്തിന്റെ ഭാര്യയായ ഞാനോ ആരുടെ അടുത്തും പോയിട്ടില്ല. എന്നിട്ടും അവാർഡു നിർണ്ണയ സമിതിയിലുള്ളവർ പലരും വിളിച്ചുപറഞ്ഞിട്ടുണ്ട് – കേസുള്ളതിനാൽ വേണുക്കുട്ടൻ നായരെ തള്ളിയെന്ന്. അതുകേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ അറിയൂ. ആർക്കും അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.
പ്രതിപക്ഷനേതാവിനും ( അന്നും അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. ) വർഷങ്ങൾക്ക് മുൻപ് വേണുക്കുട്ടൻ നായർ കത്തെഴുതി. തന്നെ രക്ഷിക്കണമെന്നു പറഞ്ഞല്ല; സത്യസന്ധമായ അന്വേഷണം നടത്താൻ വേണ്ടതുചെയ്യണമെന്ന് അപേഷിച്ച്. വായിക്കുക:-
അയിലം ഉണ്ണിക്കൃഷ്ണന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നപ്പോൾ വേണുക്കുട്ടൻ നായർ സ്വന്തം വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നും അയിലം ഉണ്ണിക്കൃഷ്ണൻ ഗംഗാബോസിന്റെ കാലുപിടിച്ച് അപേക്ഷിച്ചതുകൊണ്ട് അവൾ ട്രൂപ്പ് വിട്ടില്ല എന്നുമായിരുന്നു ആരോപണം. അത് വാസ്തവവിരുദ്ധമാണെന്ന് അയിലം പത്രപ്രസ്ഥാവന നൽകി. പക്ഷേ ആ പരാതിയിന്മേൽ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച കമലത്തിന്റെ പ്രതികരണമുണ്ടായില്ല.
മാസം പത്തുകഴിഞ്ഞു. തുടരന്വേഷണം നടത്താതെ എന്റെ നിരപരാധിത്വം ലോകരെ അറിയിക്കാനാവില്ല. അന്വേഷണം ഊർജ്ജിതമാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. അതിന്റെ കോപ്പി താങ്കൾക്കും അയച്ചിരുന്നു. പക്ഷേ ആരിൽനിന്നും അത് കൈപ്പറ്റിയതായുള്ള അറിയിപ്പ് ലഭിച്ചില്ല. തുമ്പില്ലാതെപോകുമായിരുന്ന പല കേസുകളും താങ്കളുടെ അവസരോചിതമായ ഇടപെടലുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. അതുപോലെ എനിക്കെതിരെ ഉണ്ടായിട്ടുള്ള ഈ കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തി എന്നെ ക്രൂശിക്കാൻ ശ്രമിച്ചവരെ ജനമദ്ധ്യത്തിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കേസന്വേഷണം ഊർജ്ജിതപ്പെടുത്താൻ താങ്കൾ പരിശ്രമിക്കും എന്ന വിശ്വാസത്തോടെ,
No comments:
Post a Comment