മനുഷ്യൻ തമ്മിലടിച്ചു നശിക്കണമെന്ന് ഒരു മതഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നില്ല. അതേസമയം അന്യോന്യം സ്നേഹിക്കാനും ബഹുമാനിക്കാനും മതാചാര്യന്മാരെല്ലാം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിൽ അക്രമവും കൊലയുമൊക്കെ നിത്യേന വർദ്ധിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദി?

ജനനന്മയ്ക്കായി പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഭരണകർത്താക്കളും ജനക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നിയമപാലകരും ഇവിടെ ക്രിമിനലുകളെ സൃഷ്ടിച്ച് വളർത്തുകയാണ്. അനീതിക്കെതിരെ ശബ്ദിക്കുന്നവർ കൊലക്കത്തിക്ക് ഇരയായേയ്ക്കാം ഏതായാലും ഞാൻ മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾ എനിക്ക് കുറിക്കാതെ വയ്യാ. സത്യം വിളിച്ചു പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് എനിക്കെതിരെ നീങ്ങാം. പക്ഷേ, എനിക്കെതിരെ മാത്രം – മറ്റാരും ഇതിന് ഉത്തരവാദിയല്ല.

ഒരു ക്രിമിനൽ കുടുംബത്തിന്റെ നിലനിൽപ്പ് ഭദ്രമാക്കാൻ ഭരണകർത്താക്കളും ‘നിയമപാലകരും’ മലയാള നാടകവേദിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.പി.കെ.വേണുക്കുട്ടൻ നായരെ ബലിയാടാക്കി. സത്യാവസ്ഥ അന്വേഷിച്ചറിയാൻ തയ്യാറാകാതെ സമൂഹം അദ്ദേഹത്തെ ക്രൂരമായി ഒറ്റപ്പെടുത്തി. നിരപരാധിത്വം തെളിയിക്കണമെന്ന വാശിയുള്ളതു കൊണ്ടു മാത്രം അദ്ദേഹം ഇന്നും ജീവിക്കുന്നു. എത്രയോ പേർ ഇത്തരം അവസ്ഥയിൽ ജീവിതം അവസാനിപ്പിച്ചിരിക്കാം?

സത്യാവസ്ഥ ലോകം അറിയണമെന്നുള്ള ആഗ്രഹം കൊണ്ടു മാത്രം, അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നുള്ള നിശ്ചയദാർഡ്യം കൊണ്ടു മാത്രം, എല്ലാം തുറന്നെഴുതട്ടെ.

Thursday, 24 May 2012

അഭിനവസിദ്ധന്മാർ അരങ്ങ് വാഴുമ്പോൾ

ഭൗതികവാദത്തിന് പരക്കെ അംഗീകാരം നേടിക്കൊടുത്തിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ട് പടിയിറങ്ങിയത്.  ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴാകട്ടെ ആത്മീയവാദത്തിനായി മുൻതൂക്കം. കൂടുതൽ ഭക്ത ന്മാർ, ദേവാലയസന്ദശകർ എന്നുവേണ്ട മതഭേദമെന്യേ ദൈവാരാധനയിൽ മനസ്സുഖം കണ്ടെത്തിയവരുടെ എണ്ണം വളരെ വർദ്ധിച്ചു. മതാദ്ധ്യക്ഷന്മാരും പുരോഹിതന്മാരും ധാരാളമുള്ള മതങ്ങളിൽ പുരോഹിതവർഗ്ഗത്തിനുണ്ടായിരുന്ന ആധിപത്യം ഹിന്ദുമതത്തിലെ താന്ത്രികരും മാന്ത്രികരും നേടിയെടുത്തു. ഭക്തിയുടെ അഭൂതപൂർവ്വമായ ഈ വളർച്ച നന്മയും ശാന്തിയും കൊതിക്കു കയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം ജനവിഭാഗങ്ങളിലും സംതൃപ്തി ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ ചതിയും കൊലയും നടത്തുകയും നിസ്സാരകാര്യങ്ങളിൽപ്പോലും പരസ്പരം ആക്രമിക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യരിൽ ശക്തമാവുകയാണുണ്ടായത്. ഗുണ്ടകൾ എന്ന ചെല്ലപ്പേരിൽ വിലസുന്ന ആസുരജന്മങ്ങൾ നാൾക്ക്നാൾ വർദ്ധിക്കുന്നു. എങ്ങും അഴിമതിയുടെ തേർവാഴ്ച തന്നെ. ഈ വൈപരീത്യം എന്തുകൊ ണ്ടെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
                ദൈവത്തിനും ഭക്തർക്കുമിടയിൽ ഒരു വർഗ്ഗം എല്ലാമതത്തി ലുമുണ്ട്. ദൈവാരാധനയ്ക്ക് ചുക്കാൻ പിടിക്കുന്നവർ, ദേവാലയങ്ങളിൽ പൂജ ചെയ്യുന്നവർ, മതാചാര്യന്മാർ എന്നിവരടങ്ങുന്ന ഒരു വർഗ്ഗം. ഒരു സ്ഥാപന ത്തിന്റെ ശക്തിയോടുകൂടിയ സംഘടിത പുരോഹിത വർഗ്ഗം ഹിന്ദുമതത്തിൽ ഉണ്ടായിരുന്നില്ല.  പിന്നെ എന്തുകൊണ്ട് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായി ?
               ഇന്ന് പലപ്രദേശങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു പുതിയ വർഗ്ഗത്തിന്റെ സ്ഥാനവും പ്രവൃത്തികളും ഭക്തരുടെ മനശ്ശുദ്ധിക്ക് കളങ്കം ചാർത്തുകയാണെന്നു തോന്നിപ്പോകുന്നു. സിദ്ധന്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഭാവി പ്രവചന സിദ്ധി, കഷ്ടകാലവും രോഗവും അകറ്റാനുള്ള മാന്ത്രിക കർമ്മസിദ്ധി, പുരാണ ഗ്രന്ഥങ്ങളിൽ അവഗാഹം ഇതൊക്കെ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഈ തട്ടിപ്പുകാർ. ഇവർ എവിടെയെങ്കിലും തന്ത്രപൂർവ്വം സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ വിദ്യാ വിഹീനരും അഭ്യസ്ഥവിദ്യരുമൊക്കെ ഉൾപ്പെടുന്ന അനുയായികളെ പാദ ദാസന്മാരാക്കിമാറ്റും. അത്തരത്തിലുള്ള ഒരു സിദ്ധന്റെ ദ്രോഹത്തിന് ഇരയായ ചിലരിൽനിന്നും കേട്ടവാർത്തകൾ ഞെട്ടിക്കുന്നതായിരുന്നു. ചതിയിൽ അകപ്പെട്ട ഒരു ഇര ഇതെഴുതുന്ന ആൾ തന്നെ. അതുകൊണ്ട് ആ സിദ്ധന്റെ ഇന്നോളമുള്ള വളർച്ചയുടെ ചരിത്രം അന്വേഷിച്ചെടുക്കാൻ കഴിഞ്ഞു. ഇതൊരു കഥയല്ല.  നീറുന്ന അനുഭവം മാത്രം.
                 മലയാളത്തിലെ ഹാസ്യസാമ്രാട്ടായിരുന്ന ഒരു മഹാന്റെ കുടുംബപ്പേരിൽ അറിയപ്പെടുന്ന ഗീതാപ്രഭാഷകൻഅദ്ദേഹത്തിന്റെ കൊള്ളരുതായ്മയിൽ സഹികെട്ട മലബാറുകാരായ നാട്ടുകാർ പ്രഭാഷകന്റെ അയൽക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ അവിടെനിന്നും തുരത്തി. വയനാട്ടിലെ ഒരു സേട്ടുവിന്റെ കാറുമായി മുങ്ങിയ പ്രഭാഷകനും കുടുംബവും കൊയ്ത്തിനു പറ്റിയസ്ഥലം തിരുവനന്തപുരമാണെന്നു കണ്ടെത്തി ഇവിടെ ചേക്കേറി.
        തിരുവനന്തപുരത്തുകാരനായ ഒരുവനെ വണ്ടിക്കാരനാക്കി.  മറ്റൊരു വനെ ചാരനായും നിയമിച്ചു.  അഭിമാനം നഷ്ടപ്പെട്ടാൽ ജീവിച്ചിട്ടു കാര്യമില്ല എന്നുവിശ്വസിക്കുന്ന വിശിഷ്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രഭാഷകൻ ചാരൻ മുഖാന്തിരം ശേഖരിക്കും. തുടർന്ന് കിട്ടിയ വിവരങ്ങൾ വച്ച് ആ വ്യക്തികളെ സ്തുതിച്ച് ശ്ലോകം രചിച്ച് അല്പസ്വല്പം സംസ്കൃത ശ്ലോകങ്ങൾ അറിയാവുന്ന രണ്ടാമത്തെ പുത്രനെ ഏൽപ്പിക്കും. അയാളുടെ കെണിയിൽ വീണുപോകുന്നവരുടെ വീട്ടിൽ പ്രഭാഷകൻ നേരിട്ടെത്തി ഓപ്പറേഷൻ ആരംഭിക്കും. ചാരൻ മുഖാന്തിരം അറിഞ്ഞവയും പുത്രൻ പരിചയപ്പെട്ടതിൽ നിന്നും ലഭിച്ച വിവരങ്ങളും മുഖലക്ഷണം പറയുന്നമട്ടിൽ ആചാര്യനിർവിശേഷമായ ഗാംഭീര്യത്തോടെ ഇരയോട് പറയും.
      ആദ്യദർശനത്തിൽ തന്നെക്കുറിച്ച് ഇത്രയും പറയുന്ന ആൾ മഹാനെന്നു ധരിക്കുന്ന ഇര ക്രമേണ ഭാവിഫലം അറിയാൻ താൽപര്യം കാണിക്കും.  പ്രഭാഷകൻ ജ്യോതിഷപണ്ഡിതന്റെ ഭാവത്തിൽ ഇരയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും വിധം ദോഷകാരകനായ കേതുവിനെക്കുറിച്ചും കണ്ടകനെക്കുറിച്ചും ഏഴരാണ്ടനെക്കുറിച്ചും വിവരിക്കും. കൂട്ടത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഭാര്യയും മക്കളും സഹപ്രവർത്ത കരുമെല്ലാം ദുർമ്മന്ത്രവാദം ചെയ്തിട്ടുണ്ട്കൈവിഷം നൽകിയിട്ടുണ്ട് എന്നൊക്കെ തന്മയത്വമായി അവതരിപ്പിക്കും.  കുറേ നാളത്തേയ്ക്ക് എല്ലാവരിൽനിന്നും അകന്നുമാറി ജീവിക്കണമെന്ന് ഉപദേശിക്കും.  ഏതൊക്കെ ക്ഷേത്രങ്ങളിൽ പോകണമെന്ന് നിർദ്ദേശിക്കുക മത്രമല്ല പ്രഭാഷകൻ തന്നെ ഇരയെ അവിടെയൊക്കെ ഒപ്പം കൊണ്ടുപോവുകയും ചെയ്യും.  ഇതിനൊക്കെ ഇര ഒരു നിബന്ധന പാലിക്കണം.  ജ്യോതിഷപ്രവചനം മുതലുള്ള കാര്യങ്ങൾ മറ്റാരോടും പറയാൻ പാടില്ല.  ( പറയുക യോ സംശയം പ്രകടിപ്പിക്കുകയോ ചെയ്താൽ ഇരയുടെ ഭാവിജീവിതം അപകടത്തി ലാകും. ) ഇത്രയും കഴിഞ്ഞശേഷമേ പണം ആവശ്യപ്പെടുകയുള്ളൂ. ആദ്യമൊക്കെ നിർബ്ബന്ധിച്ചു കൊടുക്കാൻ ശ്രമിച്ചാലും വാങ്ങില്ല.  ഇര പൂർണ്ണമയും ദാസനായി എന്നു വിശ്വാസം വന്നാൽ ആയിരം മുതൽ ലക്ഷങ്ങൾ വരെ ഈടാക്കാൻ ശ്രമിക്കും.  ഉന്നതങ്ങളിൽ ഉദ്യോഗം ഭരിക്കുന്നയാളാണ് ഇരയെങ്കിൽ ഭീഷണിപ്പെടുത്തി അരുതായ്മകൾ ചെയ്യിക്കും.

1 comment:

  1. അഭിനവസിദ്ധന്മാർ നമ്മുടെ നാട്ടിനേയും നാട്ടുകാരേയും ചൂഷണം ചെയ്യുന്നു. അതിനെതിരെ പ്രതികരിക്കേണ്ട നമ്മൾ ഇനിയും മൗനം പലിച്ചുകൂടാ. എന്റെയൊപ്പം കൂടില്ലേ?

    ReplyDelete